Friday 29 July 2011

നേര്‍കാഴ്ച...


അയ്യാള്‍ ഇന്നും വന്നു ചളിപുരണ്ട കയ്യുമായി നുള്ളി പെറുക്കിയെടുത്ത ഒരു ഡോളര്‍ അഞ്ചു സെന്‍റ് എനിക്ക് നേരെ നീട്ടി  പറഞ്ഞു "എക്സ്ട്രാ ലാര്‍ജ് ഡ്രിങ്ക്" ഒരു കൊക്കോ കോള ബില്‍ ചെയ്തു ഞാന്‍ അയ്യാളെ നോക്കി.. എന്‍റെ നോട്ടത്തിനു വില നല്‍കാതെ ഒരു ഗ്ലാസും വാങ്ങി നേരെ കോളയും എടുത്തു ഒരു കസേരയില്‍ ഇരുന്നു.... എനിക്കറിയാം ഇനി ഒരു നാലു തവണ അല്ലെങ്കില്‍ അഞ്ചു തവണ ആ ഗ്ലാസ്‌ നിറച്ചു  കുടിക്കും പിന്നെ ഇറങ്ങി ഇരുളിലേക്ക്.... എനിക്കുറപ്പുണ്ട് അയ്യാളുടെ കത്തുന്ന വയറിനു എന്നും ആശ്വാസം ആ കോള ആണെന്ന്... തികച്ചും സമ്പന്നം എന്ന് കരുതുന്ന കാനഡയുടെ ഒരു നേര്‍കാഴ്ച.....

Tuesday 26 July 2011

താമസം എവിടെയാ?

താമസം എവിടെയാ? ജയിലില്‍... ഉണ്ണിക്കുട്ടന്‍റെ ചോദ്യത്തിന് ബ്രാണ്ടന്‍റെ ഉത്തരം പെട്ടന്നായിരുന്നു.... ഒരു പതര്‍ച്ചയില്‍ നിന്നും പതുക്കെ പുതു ചോദ്യങ്ങളിലേക്കു നടന്നു നീങ്ങിയപ്പോള്‍ അവനും പതുക്കെ എന്നോട് സംസാരിക്കാന്‍ തുടങ്ങി... പതിനാറു മാസം മുന്‍പ് ചെയ്ത ഒരു കളവാണ് അവനെ അവിടെ എത്തിച്ചത്.... എന്നും ജോലിക്ക് കൊണ്ട് വരാനും കൊണ്ടുപോകാനും പോലീസ് വരുമെന്നും.. പിന്നെ രണ്ടു മാസം കൂടി കഴിഞ്ഞാല്‍ പുറത്തിറങ്ങും എന്നും സന്തോഷത്തോടെ അവന്‍  പറഞ്ഞപ്പോള്‍ ഞാന്‍ വെറുതേ ചോദിച്ചു അതുകഴിഞ്ഞാല്‍ എന്ന്.. ഒന്നാലോചിച്ച ശേഷം എന്നോട് പറഞ്ഞു പഴയ നാട്ടിലെക്കില്ലെന്നും ചേട്ടന്റെ കൂടെ പുതിയ സ്ഥലത്ത് പോകണം എന്നും പിന്നെ മാക്‌ ഡൊണാല്ഡില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് പഠിക്കണം  എന്നും പറഞ്ഞപ്പോള്‍ എവിടെയോ ചെയ്തുപോയ തെറ്റില്‍ ഒരു പാട് ദുഖിക്കുന്നുണ്ട് അവനെന്നു ഉണ്ണിക്കുട്ടന് തോനി...പിന്നെ കുറച്ചു കഴിഞ്ഞു സ്ഥിരമായി കഴിക്കാറുള്ള ക്രിസ്പി ചിക്കെന്റെ ബോക്സി ന്‍റെ കനം ഇത്തിരി കൂടിയ   പോലെ  തോനി തുറന്നു നോക്കിയ എന്നെ നോക്കി അവന്‍ ഒരു കള്ള ചിരി ചിരിച്ചു  കൊണ്ട് പറഞ്ഞു ഒരു ചിക്കന്‍ ഞാന്‍ അധികം വെച്ചിട്ടുണ്ടെന്ന്... ബ്രാണ്ടന്‍ നീയും എനിക്ക് പ്രിയപെട്ടവന്‍ ആകുന്നു.................

Sunday 19 June 2011

ചൂടന്‍ ഗോവിന്ദന്‍....


 ചൂടന്‍ ഗോവിന്ദന്‍ മരിച്ചു. ഗി അത് പറഞ്ഞപ്പോ എന്തോ ഒരുപാടു, ഒരുപാടു കഥകള്‍ മനസിലേക്ക്. ഒരിക്കല്‍ പേടിയോടെയും പിന്നീട് ചില പാട്ടുകളിലൂടെയും കഥകളിലൂടെയും  ഉണ്ണിക്കുട്ടനെ ആകര്‍ഷിച്ച കൊട്ടാരമുക്കിന്‍റെയും പാറമുക്കിന്‍റെയും മഞ്ഞപ്പാലത്തിന്‍റെയും സ്വന്തമായിരുന്ന ചൂടന്‍."എക്കുന്നന്ന അരച്ച്യലതാ ഈയചെമ്പിലലിക്കനാ" "അടക്കുന്നന്ന തീയരത മൊറാത്തിന്‍ ഓട്ടില്‍ ഒളിക്കണ" പിന്നൊരു ചിരിയിലെക്കൊതുങ്ങുന്ന പാട്ടും.. പിന്നെ ആന പാപ്പാന്‍ ആയ കാലത്തേ വീരകഥകളും അതിലൊന്നില്‍ കഷ്ടിച്ച് രക്ഷപെട്ട കഥ കാണിക്കാനായി  പീടികയിലെ  ശശി ഏട്ടന്‍ ചൂടന്‍റെ റോള്‍ എടുത്തു നിലത്തു കിടന്നു ജനേട്ടനും  ഉണ്ണീട്ടയും ആനയുടെ കൊമ്പ് ആയി നിന്നതുമെല്ലാം  ഇനി ഒരു ഓര്‍മയാകുന്നു.,,,,,  ഏതു ഉയരങ്ങളും  (മരങ്ങളിലും ) ഏതു ആഴങ്ങളും (കിണറുകളിലും ) തനിക്കു സാധ്യമെന്ന്  ഉണ്ണിക്കുട്ടന് കാണിച്ചു തന്ന ചൂടന്‍ ... ഓലപ്പുരയുടെ ഏതോ ഒരു കോണില്‍ തിരുകി വെച്ച ഇന്ത്യ ഗവേര്ന്‍മെന്റിന്റെ ധീരതക്കായി തനിക്കു കിട്ടിയ  അവാര്‍ഡ്‌ ഉണ്ണിക്കുട്ടനെ കാണിച്ചു തന്നുകൊണ്ട് നാലാം ക്ലാസ്സ്‌ പാസ്സായിരുന്നെങ്കില്‍ ഒരു നല്ല ജോലി കിട്ടുമായിരുന്നു എന്ന് പറഞ്ഞതുമെല്ലാം... ബാലുസ്സേരിക്ക് തിരക്കിട്ട് വണ്ടി ഓടിച്ചു പോകുമ്പോ കൈ കാണിച്ചു നിര്‍ത്തി അഞ്ചു രൂപ ചോദിക്കുന്ന സമയങ്ങളില്‍ അറിയാതെ ഉണ്ണിക്കുട്ടനില്‍ എവിടെയോ ഒരു കൊച്ചു ദേഷ്യം വന്നിരുന്നോ?.കാനഡയ്ക്ക് വരുന്നതിന്‍റെ തലേന്ന് വന്നു കണ്ടു തിരിച്ചു വരുമ്പോ കുപ്പി കൊണ്ടുതരണം എന്നും പറഞ്ഞു ചിരിച്ചത്... എല്ലാം എല്ലാം ഒരു ഓര്‍മയാവുന്നു..... എന്നും ഉണ്ടാകും  ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍

Thursday 16 June 2011

ഒരു മോഹമായിരുന്നു.....


ഉണ്ണിക്കുട്ടന്‍ രണ്ടാം  ക്ലാസ്സില്‍ പഠിക്കുന്ന കാലം. അങ്ങനെ യുവജനോത്സവം വന്നു. അമ്മയുടെ കയ്യുംപിടിച്ചു പരിപാടി കണ്ടു കൊണ്ടിരിക്കുംപോളാണ് ഉണ്ണിക്കുട്ടന്‍ അയ്യാളെ കണ്ടത് സൈഡ് കര്‍ട്ടന്‍റെ മറവില്‍ ഒരാളുണ്ട് കയറും പിടിച്ചിരിക്കുന്നു.. ഒരു കസേരയില്‍. ആദ്യമായി കണ്ടോണ്ടാവം എന്താ അയ്യാള്‍ ചെയ്യുന്നതെന്ന് മനസിലായില്ല. അപ്പോളാണ് ഭാഗ്യത്തിന് അമ്മയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. കൂടെ പോയ ഉണ്ണിക്കുട്ടന്  മനസിലായി അയ്യാളാണ് പരിപാടി നമ്മള്‍ എപ്പോ കാണണം എന്നും നിര്‍ത്തണം എന്നും തീരുമാനിക്കുന്നത്‌. അയ്യാള്‍ അങ്ങനെ ഗമയില്‍ സുഖമായിട്ടു ഇരുന്നു പരിപാടി കാണുന്നത് ഉണ്ണിക്കുട്ടനെ ഇത്തിരി കൊതിപ്പിച്ചു. പിന്നെ കടന്നുപോയ വര്‍ഷങ്ങളില്‍, യുവജനോത്സവങ്ങളില്‍ ഒരു നടക്കാത്ത  മോഹമായി അത് അവിടെ കിടന്നു... പിന്നീടു പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നന്മിണ്ട ഹയര്‍ സെക്കന്ററി സ്കൂളിലെ ഓഡിറ്റോരിയത്തിനുള്ളില്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ കയറും പിടിച്ചു ഇരുന്നപ്പോള്‍ ഏതോ ഒരു വലിയ മോഹം നേടിയെടുത്ത സന്തോഷമായിരുന്നു ഉണ്ണികുട്ടനില്‍.... അത് അനുവദിച്ച കണക്കിന്‍റെ ഷാജി  മാഷിന് അറിയില്ലല്ലോ അത്  ഉണ്ണിക്കുട്ടന്‍റെ  വലിയൊരു ആഗ്രഹം ആയിരുന്നെന്നു...

Sunday 12 June 2011

ആ കുഞ്ഞനുജത്തി....


ഡിസംബര്‍ മാസത്തിലെ  രണ്ടാം  ക്ലാസ്സ്‌  പരീക്ഷ ചൂടിന്റെ ഇടയിലാണ് ഉണ്ണിക്കുട്ടന്‍ ആ വാര്‍ത്ത‍ അറിഞ്ഞത്.ഇന്ന് പരീക്ഷ ഇല്ല. ഒന്നാം  ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മരിച്ചിരിക്കുന്നു. എന്തോ അറിയില്ല,  മാറ്റിവെച്ച ആ പരീക്ഷയിലും കിട്ടിയ ഒരവധിയിലും  ഇത്തിരി സന്തോഷിച്ചു പോയി ഉണ്ണിക്കുട്ടന്‍.......പിന്നെ കഴിഞ്ഞു പോയ കാലങ്ങളില്‍ കൂടെ ഉണ്ടായിരുന്ന ചിലര്‍ കൊഴിഞ്ഞു പോയപ്പോള്‍ ഉണ്ണിക്കുട്ടന്‍ അറിഞ്ഞു അന്ന് ആസ്വദിച്ച് കളിച്ച ആ ദിവസത്തിന്‍റെ വേദന. ഇന്നും ചില രാത്രികളില്‍ ഒരു കൊച്ചു വേദന ആയി, ചെയ്തു പോയ ഒരു തെറ്റിന്റെ ഓര്‍മപ്പെടുത്തലായി കടന്നു വരാറുണ്ട് പേരും മുഖവും അറിയാത്ത ആ കുഞ്ഞനുജത്തി..മാപ്പ് ഒരായിരം മാപ്പ്...... 

Thursday 9 June 2011

ഉണ്ണിക്കുട്ടന്‍റെ ചില പ്രാന്തുകള്‍....

കൊഴിഞ്ഞു പോയ നിമിഷങ്ങളില്‍ നേട്ടങ്ങളേക്കാള്‍  നീണ്ട നഷട്ങ്ങളുടെ പട്ടികയില്‍ ഏറ്റവും വലതു എന്നില്‍ നിന്നും എന്നോ ഉരുണ്ടു പോയ എന്നിലെ  കുന്നിക്കുരുക്കള്‍ ആയിരുന്നു, എന്നില്‍ നിന്നും പറന്നകന്ന അപ്പൂപ്പന്‍  താടികള്‍ ആയിരുന്നു, എങ്ങോ പോയ  എന്നിലെ മയില്‍പ്പീലിയും  മിന്നാമിന്നികളും ആയിരുന്നു.....


സ്വപ്നങ്ങളില്‍ വന്ന മിന്നാമിന്നികളുടെ വെളിച്ചം മതിയായിരുന്നു എനിക്കെന്നും പുതു മോഹങ്ങളുമായി പുലര്‍കാലങ്ങളെ സ്നേഹിക്കാന്‍...പക്ഷെ ലക്ഷ്യങ്ങളില്‍ എത്തും മുന്‍പേ അണഞ്ഞുപോയ  ആ വെളിച്ചം സന്ധ്യകളെ ഭയക്കുന്നവന്‍ ആക്കി എന്നെ മാറ്റിയോ????


എന്നില്‍ നല്ലതെന്ന് പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെനിക്ക് തന്നത് നിങ്ങള്‍ എന്ന് പറയുന്ന എന്‍റെ സുഹൃത്താണ്‌......
എന്നില്‍ നല്ലതിലെക്കൊന്നൊരു വഴി ഉണ്ടെങ്കില്‍ അതിന്‍റെ വഴി കാട്ടിയും നിങ്ങള്‍ എന്ന എന്‍റെ സുഹൃത്താണ്‌....
ഞാന്‍ ആരോടെങ്കിലും കടപെട്ടിട്ടുണ്ടെങ്കില്‍ അതും നിങ്ങള്‍ എന്ന എന്‍റെ സുഹൃത്തിനോടാണ്...

ഈ സുഹൃത്തെന്നത് എന്‍റെ ഞാന്‍ ഇഷ്ടപെടുന്ന എന്നെ ഇഷ്ടപെടുന്ന എല്ലാവരും ആണ്.....

Tuesday 7 June 2011

ഒരു സാമ്പാറിന്‍റെ കഥ

"ഇതൊന്നും കുട്ടികള്‍ ചെയ്യണ്ട അങ്ങോട്ട്‌ പോയി കളിച്ചാ മതി" എല്ലാരേം മുന്നില്‍ വെച്ച് പറഞ്ഞ രാകേഷേട്ടന്റെ വാക്കുകള്‍ സദ്യ വിളംബാന്‍ ഉഷാറായി നിന്ന മൂനാം ക്ലാസ്സുകാരന്‍   ഉണ്ണിക്കുട്ടനെ കുറച്ചൊന്നും അല്ല വിഷമിപ്പിച്ചത്... പറയുമ്പോ ഞങ്ങള് തമ്മില്‍ 4 വയസ്സിന്റെ അകലമേ ഉള്ളു എങ്കിലും മൂപ്പരെ വിചാരം  ആളങ്ങു വല്യ സംഭവമാന്ന....അല്ലെലും ചുക്ക് വെള്ളം ഒക്കെ കൊടുക്കാന്‍ ഉണ്ണിക്കുട്ടന് പറ്റില്ലേ.... പക്ഷെ വല്യമ്മേടെ ഷഷ്ടിപൂര്‍ത്തിക്കു അങ്ങനെ ഉണ്ണിക്കുട്ടന് വിളംബാന്‍ പറ്റിയില്ല... ആകെ സങ്കടായി അവിടുന്ന് മാറി അപ്പുറത്ത് ഓടികളിക്കുംപോളാ ആ ഒച്ചപാട് കേട്ടത്. ഓടിച്ചെന്നു നോക്കിയപ്പോ രഘു അമ്മാവന്റെ ഓഫീസിലെ ഒരു അമ്മാവന്‍ സാമ്പാറില്‍ അങ്ങനെ കുളിച്ചു നില്‍ക്കുന്നു. ഉടുത്ത വെള്ള മുണ്ടും ഷര്‍ട്ടും നല്ല മഞ്ഞ നിറം പിന്നെ അവിടേം ഇവിടെയും ഒക്കെ ആയി കുറെ കറിവേപ്പിലയും വെണ്ടക്കയും തക്കാളിയും... പാവം അകെ ചമ്മി നില്‍പ്പാ... എന്താന്ന് മനസിലാവാതെ ഉണ്ണിക്കുട്ടന്‍  നോക്കിയപ്പോ ഉണ്ട് സാമ്പാറിന്റെ ഒഴിഞ്ഞ പാത്രവുമായി രാകേഷേട്ടനും അപ്പുറത്ത് നില്‍ക്കുന്നു.... മൂപ്പരെ മേത്തും ഉണ്ട് ഇത്തിരി സാംബാര്‍ ഒക്കെ.... പെട്ടന്ന് തന്നെ രാജേന്ദ്രേട്ടന്‍ രാകേഷേട്ടനെ കൂട്ടി  അപ്പുറത്തേക്ക് പോയപ്പോ പതുക്കെ ഉണ്ണിക്കുട്ടനും  കൂടെ പോയി.. പിന്നെ അവിടെ ഒരു ചീത്തയുടെ പൂരമായിരുന്നു...ഇടക്കതിലൂടെ പോയ സകല ചേട്ടന്മാരുടെം കൂടി ചീത്ത കേട്ടപ്പോ രാകേഷേട്ടന്റെ കണ്ണ് ഇത്തിരി നിറഞ്ഞോ എന്നൊരു സംശയം ഉണ്ണിക്കുട്ടന്.....

Saturday 4 June 2011

സിന്ദി.....

ഉണ്ണിക്കുട്ടന് കാനഡയില്‍ വെച്ച് കിട്ടിയ ഒരമ്മ....... എന്തോ ആദ്യ ക്ലാസ്സില്‍ വെച്ച് കണ്ട അന്നുമുതല്‍ എനിക്ക് ഒരമ്മയുടെ സ്നേഹം തന്ന സിന്ദി....ആ അമ്മ എന്നും എനിക്ക് കാനഡ എന്തെന്നും ഏതെന്നും മനസിലാക്കി തന്നിരുന്നു.....എന്നും തന്റെ ബാഗില്‍ എനിക്കായി കൊണ്ടുവരുന്ന ടിഫ്ഫിന്‍ ബോക്സില്‍ നിന്നും ഞാന്‍ കാനഡയുടെ പല രുചികളും അറിഞ്ഞു...പിന്നെ കാനഡയുടെ ഐസ് സ്കേറ്റില്‍ എന്റെ ഗുരുവായി മാറി എന്നെ പഠിപ്പിച്ചു  തന്നപ്പോളും ഞാന്‍ ഒരമ്മയുടെ സ്നേഹം ആസ്വദിക്കുക ആയിരുന്നു....ഒരിക്കല്‍ ഹാമില്‍ട്ടന്‍ വില്ലിംസ് കാഫേയിലെ ഒരു സായാഹ്നത്തില്‍ ആണ് ഞാന്‍ സിന്ദിയിലെ ഒരമ്മയുടെ, ഒരു അമ്മൂമ്മയുടെ  വിഷമം  അറിഞ്ഞത്.... തകര്‍ന്ന ബന്ധങ്ങള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ട് വര്‍ഷത്തില്‍ മൂന്ന് ദിനം മാത്രം തനിക്കു കിട്ടുന്ന തന്റെ സ്വന്തം കൊച്ചുമകനെ  കുറിച്ച് പറഞ്ഞപ്പോള്‍... സിന്ദിയുടെ ആ നീല കണ്ണുകള്‍ നിറയുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു.... എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തത്  കൊണ്ടോ  എന്ത് പറഞ്ഞാലും ഒന്നുമാകില്ലെന്ന് അറിഞ്ഞത് കൊണ്ടോ എല്ലാം കേട്ടുകൊണ്ടിരിക്കനെ എനിക്കായുള്ളൂ... പിന്നൊരിക്കല്‍ ഒരു വര്‍ഷത്തിനു ശേഷം ആ മൂന്ന് ദിനങ്ങള്‍ക്കായി  കൊച്ചു മകന്‍ വരുനെന്ന വാര്‍ത്ത‍ എന്നോട് വന്നു പറഞ്ഞ സിന്ദിയിലെ ആ അമ്മുമ്മയുടെ സന്തോഷം ഉണ്ണിക്കുട്ടന്റെയും കണ്ണ് നിറച്ചുവോ.... പിന്നെ ആ മൂന്ന് ദിനങ്ങള്‍ എല്ലാം മറന്നു ആസ്വദിച്ച  എന്റെ സിന്ദിഅമ്മ എന്നെ വിളിച്ചു മൂന്ന് ദിനങ്ങള്‍ക്ക്‌ ശേഷം..... മദ്യ ലഹരിയുടെ ആ ആഴത്തില്‍ എന്നെ വിളിച്ചു കരഞ്ഞ ആ അമ്മയുടേ ചിതറിയ  വാക്കുകള്‍.. ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്ത ആ വാക്കുകള്‍ .... പിന്നെ ഹമില്ട്ടനോട്  വിട പറഞ്ഞ ആ   ദിനത്തില്‍ ഉണ്ണികുട്ടനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞ ആ അമ്മ.....എന്നെ മനസിലാക്കിച്ചു... ലോകമേതായാലും കാലമേതായാലും  അമ്മമാര്‍ക്ക് ഒന്നേ അറിയൂ എല്ലാം മറന്നു സ്നേഹിക്കാന്‍....
നന്ദി സിന്ദി  ഒരായിരം നന്ദി..... 

Sunday 29 May 2011

അഞ്ചലിലെ ആരേലും ഉണ്ടോ?


അന്ന് ഉണ്ണികുട്ടനും ബാഷയും കൂടി ഹൈ വേ  403യിലൂടെ പറപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ആ ഫോണ്‍ കാള്‍ അവനു വന്നത്.. പെട്ടന്നനെ സ്പീക്കര്‍ ഫോണില്‍ അവന്‍ തുടങ്ങി കത്തി (ഭാഗ്യം ഹെഡ് ഫോണ്‍ എടുക്കാന്‍ അവന്‍ മറന്നത്,  അല്ലേല്‍ ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റാതെ ആയേനെ...)  അവന്‍റെ ഫ്രെണ്ട് പാക്കരന്‍ ആണ് അപ്പുറം... അവന്‍ കാനഡയിലേക്ക് ഉള്ള  വീമാനവും  കാത്തു ഹീ ത്രു വിമാനത്താവളത്തില്‍ ഇരിപ്പാ, അതിനിടയില്‍ ആയിരുന്നു പാക്കരന്‍റെ   കാള്‍. പാവം മുന്നിലെ 8 മണിക്കൂര്‍ കൂടിയുള്ള   കാത്തിരിപ്പിന്‍റെ മടുപ്പ് ആലോചിച്ചു വിളിച്ചതാരുന്നു ബാഷയെ ..... തനി കൊല്ലം സ്റ്റൈല്‍ കത്തിക്കിടയില്‍ ആയിരുന്നു ബാഷയുടെ ആ ചോദ്യം.... "ഡാ അഞ്ചലിലെ ആരേലും ഉണ്ടോ ഹി ത്രു വില്‍ നോക്കിക്കേ ".............. "എന്റമ്മോ " ആദ്യ ഞെട്ടലില്‍ നിന്നും പിന്നെ അതൊരു പൊട്ടി ചിരിയിലേക്ക്‌ നീങ്ങിയപ്പോളും.. ഇന്ത്യയും കേരളവും പിന്നെ കൊല്ലവും കടന്നു അവന്‍ അഞ്ചലില്‍ ഒതുങ്ങിയപ്പോള്‍ ഉണ്ണിക്കുട്ടന്‍  അറിഞ്ഞു അവനു അഞ്ചല്‍ എത്രമാത്രം വലുതെന്ന്.....

Sunday 1 May 2011

ഒരു പാന്‍ കാര്‍ഡിന്‍റെ കഥ....

 ഉണ്ണികുട്ടന്‍ ഇന്ന്  ഈ അടുത്ത് നടന്ന ഒരു കഥ പറയാം

വൈകുന്നേരം ടിമ്മിയില്‍ ( കാനേഡിയന്‍ സായിപ്പിന്‍റെ ദേശീയ  പാനീയം ടിം ഹോര്‍ട്ടന്‍സ് ) കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് മത്തായി അത് ചോദിച്ചത്.....
" നയാഗ്രക്ക് വിട്ടാലോ"
കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും റെഡി...... ആല്രിടും വിന്‍സ്ടനും അരവണനും മത്തായിയും പിന്നെ ബാഷയും പാസ്‌പോര്‍ടുമായി ഇറങ്ങി.... ഒട്ടും പ്രതീക്ഷികാതെ ഇവരെ കൂടെ കൂടിയ ഉണ്ണിക്കുട്ടന്‍റെ കയ്യില്‍ എവിടെ പാസ്പോര്‍ട്ട്‌..... എന്നാലും പോട്ടെ വണ്ടി നയാഗ്രക്ക് എന്നും പറഞ്ഞു കേറി.... അവിടെ എത്തി വെള്ള ചാട്ടത്തിനു മുന്നില്‍ കിടന്നും ഇരുന്നും തലകുത്തിനിന്നും ഫോടോ എടുതപ്പോലാണ് മത്തായിക്ക് അടുത്ത ബോധം ഉണ്ടായതു....
" വിട്ടാലോ കാസിനോയിലേക്ക്"
എന്നാ വിട്ടേക്കാം എന്നായി എല്ലാരും..... യ്യോ.... ഉണ്ണിക്കുട്ടന്റെ കയ്യില്‍ age proof ഇല്ല ......അവിടെ അതില്ലതേ കയറ്റുകയും  ഇല്ല.....
എന്നോട് പുറമേ നിന്നോളാന്‍ പറഞ്ഞു എല്ലാരും... നിവര്‍ത്തി ഇല്ലല്ലോ....എന്നാലും ഒരു കൈ നോക്കാന്‍ ഞാനും തീരുമാനിച്ചു...
ഞങ്ങള്‍ അങ്ങനെ വരി വരി ആയി നില്‍ക്കുകയാണ് ഒരു security guard ന്‍റെ മുന്നില്‍... എല്ലാരും കൂടി ഈ ഉണ്ണികുട്ടനെ പിടിച്ചു പിറകില്‍ നിര്‍ത്തി... ബാഷ തന്‍റെ G ലൈസന്‍സ് കാട്ടി ഈസി ആയി കേറി... പിറകെ വിന്‍സ്ടനും മത്തായിയും പിന്നെ അരവാണനും... ആല്‍റിടിന്റെ പഴയ പാസ്‌ പോര്‍ട്ടില്‍ സംശയം തോനിയ security guard കൂടുതല്‍ id അവിസ്യപ്പെട്ടു മാറ്റി നിര്‍ത്തി... അടുത്ത ഊഴം ഈ പാവം ഉണ്ണികുട്ടന്റെ....എന്തായാലും കേറാന്‍ പറ്റില്ലെന്ന് ഉറപ്പായ ഞാന്‍ വെറുതേ എന്‍റെ പേഴ്സ് ഒന്ന് തപ്പി.... ക്രെഡിറ്റ്‌ ഒട്ടുമില്ലാത്ത ക്രെഡിറ്റ്‌ കാര്‍ഡിന്റെ ഇടയില്‍ അതാ കിടക്കുന്നു നമ്മടെ പാന്‍ കാര്‍ഡ്‌.... കച്ചി അന്നേലും ഒന്ന് പിടിച്ചു നോക്കാം എന്ന് കരുതി വെച്ച് നീട്ടി  ഞാന്‍ അത്.... മുന്നിലെ സായിപ്പു അതൊന്നു തിരിച്ചും മറിച്ചും നോക്കി പിന്നെ വേറെ ഒരു സായിപ്പിനെ വിളിച്ചു രണ്ടാളും കൂടി എന്നെ നോക്കിയപ്പോ ഇച്ചിരി പേടിച്ചു ഞാന്‍....രണ്ടു സായിപ്പും കൂടി എന്നെ ഇപ്പൊ എടുതെരിയും എന്ന് കാത്തിരുന്ന എന്‍റെ നേരെ ഉണ്ട് ഒരുത്തന്റെ ആന  കയ്യ്  നീളുന്നു എന്റമ്മോ .....എല്ലാം വളരെ പെട്ടന്നായിരുന്നു ഒരു ഒടുക്കത്തെ ഷേക്ക്‌ ഹാന്‍ഡ്‌ എനിക്ക് പിന്നെ വെല്‍ക്കം സര്‍ എന്നും.... ഇത് കണ്ടു ഞെട്ടി നിന്ന എന്‍റെ ഫ്രെണ്ട്സിന്റെ മുന്നില്‍ ഇച്ചിരി ഞെളിഞ്ഞു നിന്ന് ഞാന്‍... പിന്നയിരുന്നു സായിപ്പിന്റെ ചോദ്യം " so you are from Income Tax Department of India... welcome sir...Can I stamp on your hand"  പണ്ട് എപ്പോളോ  എനിക്ക് പാന്‍ കാര്‍ഡ്‌ വാങ്ങി തന്ന ആ പേരറിയാത്ത സുഹൃത്തിനെ ഓര്‍ത്തുകൊണ്ട്‌    ഞാന്‍ പറഞ്ഞു "thank you.... you can"... ഞങ്ങള്‍ പതുക്കെ കാസിനോക്ക് ഉള്ളിലേക്ക് നടക്കുമ്പോളും എനിക്ക് കാണാമായിരുന്നു  ഏതെല്ലാമോ കാര്‍ഡ്‌ കാണിച്ചു എങ്ങെനെ എങ്കിലും  ഉള്ളില്‍ കേറാന്‍ കഷ്ടപെടുന്ന അല്‍രിടിനെ.....

Tuesday 26 April 2011

ഉണ്ണിക്കുട്ടന്‍റെ അടിയനടിയന്‍

ഇന്ന് ഉണ്ണിക്കുട്ടന്‍  ഒരാളെ കുറിച്ച് പറയാം."അടിയനടിയന്‍", എന്താ ആ പേര് കേട്ട് ഒന്നും മനസിലായില്ലേ... ഒരു സ്വാമി ആണ് ഈ അടിയനടിയന്‍.... ഇടയ്ക്ക് വീട്ടില്‍ വരാറുള്ള, മുത്തശ്ശന് കൊടുക്കാറുള്ള ഒന്നോ രണ്ടോ രൂപയ്ക്കു ഒരു പിടി ഭസ്മം വാരിതരുന്ന അടിയനടിയന്‍... എന്തോ എപ്പോളും നിര്‍ത്താതെ  സംസാരിക്കുന്ന അടിയനടിയന്‍ പറയുന്നതൊന്നും ഈ ഉണ്ണിക്കുട്ടന് മനസിലായിരുന്നില്ല...പിന്നെ ഈ സംസാരിക്കുനതിനു ഇടയ്ക്ക് അടിയന്‍ അടിയന്‍ എന്ന് പറയും അങ്ങനെയാ ഉണ്ണികുട്ടന്‍ ആ സ്വാമിനെ അടിയനടിയന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയെ ....ആ കമ്പി വെച്ച് കെട്ടിയ കണ്ണടയും പിന്നെ നെറ്റി നിറയെ ഭസ്മവും കാവി വസ്ത്രവും കണ്ടു മണ്ണില്‍ കളിക്കുകയായിരുന്ന ഉണ്ണികുട്ടന്‍ ഒരിക്കല്‍ പേടിച്ചു കരഞ്ഞത് അത് കണ്ടു വിഷമം ആയിപോയ അടിയനടിയന്റെ മുഖവും വല്യമ്മ പറഞ്ഞു കേട്ട് ഇന്നും ഉണ്ണികുട്ടന്റെ മനസിലുണ്ട്.... പിന്നെ അന്നും ഇന്നും എന്നും ഉണ്ണികുട്ടനെ ചിന്തിപ്പിക്കുന്ന കാര്യം എന്താന്നോ ... എന്നും അടിയനടിയന്‍ ഒരേ പോലെ ആണ് എപ്പോ കാണുമ്പോളും ഒരേ പ്രായം.... പിന്നെ ഉണ്ണികുട്ടന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയെ പിന്നെ മനസിലാകാന്‍ തുടങ്ങി ഈ അടിയനടിയന്‍ എന്താ ഇങ്ങനെ നിര്‍ത്താതെ പറയുന്നത്  എന്ന്.. പണ്ട് എപ്പോളോ അടിയനടിയനെ ചതിച്ചതാ അടിയനടിയന്റെ അനിയന്‍.... അടിയനടിയന്റെ വീടും എല്ലാം അനിയന്‍ പറ്റിച്ചു.... പാവം.... അന്ന് ഉണ്ണികുട്ടന്‍ അറിഞ്ഞു ഈ ചതിക്കപെട്ടവന്റെ വിഷമം എന്താണെന്നു... പിന്നെ ഒരു രണ്ടു വര്‍ഷമായി ഉണ്ണികുട്ടന്‍ ഈ അടിയന്‍അടിയനെ കാണാറില്ല...എന്നാലും ഉണ്ണികുട്ടന് ഉറപ്പുണ്ട് പണ്ടത്തെപോലെ ഒരു ദിവസം വരും നിര്‍ത്താതെ തന്‍റെ വിഷമം പറഞ്ഞു കൊണ്ട് കൊടുക്കുന്ന ഒരു രൂപയ്ക്കു ഭസ്മം വാരി തന്നു ഒരു ചെറു ചിരിയും പിന്നെ കണ്ണട ഒന്നൂടെ പൊക്കി വെച്ച് നടന്നു പോകും എന്ന്                      കാത്തിരിക്കുന്നു  ഉണ്ണിക്കുട്ടന്‍ ......

Monday 18 April 2011

ഉണ്ണികുട്ടന്‍റെ കുട്ടിക്കാലം....


എല്ലാരേം പോലെ തന്നെ ആയിരുന്നു ഉണ്ണിക്കുട്ടന്‍റെയും ആ കാലം...ആന പാപ്പാന്‍ തന്നെ ആയിരുന്നു ആദ്യത്തെ career interest. അങ്ങനെ തോനാത്ത ആരാ കേരളത്തില്‍ ഇല്ലാത്തതല്ലേ......പിന്നെ  പിന്നെ സ്കൂളില്‍ പോകാന്‍ ഒരു മടിയും ഈ ഉണ്ണികുട്ടന് ഇല്ലായിരുന്നു... ഇടക്ക് മുട്ടിനു വരുന്ന പനിയും വിരലിലെ മുറിവും മാത്രേ ഉണ്ണികുട്ടനെ സ്കൂളില്‍ എത്തികാതെ ഇരുന്നുള്ളൂ....കൂട്ടാലിട സ്കൂളിലേക്ക് അമ്മേന്റെ കൂടെ ജീപ്പിലെ യാത്രയും.... പിന്നെ കുട്ടിമാളു ടീച്ചറെ സോപിങ്ങില്‍ അങ്ങിരുന്നു പോകും ഉണ്ണികുട്ടന്‍ ഒന്നാം ക്ലാസില്‍...ഇടക്ക് അമ്മ വാതിലിന്റെ അടുത്ത് വന്നു നോക്കുന്നത് ഈ പാവം ഉണ്ണിക്കുട്ടന്‍ ഇങ്ങിന അറിയുന്നത്.... ആയിടക്കാണ്‌ അവനെ ഈ ഉണ്ണികുട്ടന്‍ ആദ്യായിട്ട് കാണുന്നത്...നല്ല കറുത്ത നിറത്തില്‍ അവന്‍ അങ്ങിനെ ന്‍റെ ക്ലാസിലേക്ക് വരുന്നു ആരന്നോ ...വല്യ ഒരു തേള്‍....ഉണ്ണിക്കുട്ടന്‍ അടക്കം സകല കുട്ടിയോളും ഒറ്റ ചാട്ടത്തിനു ബെഞ്ചിന്‍റെ മോളിലെത്തി......പെങ്കുട്ടിയോള് എപ്പോ കരച്ചില് തുടങ്ങീന്നു ചോദിച്ചാ മതിയല്ലോ.....ഉണ്ണികുട്ടന്‍റെ കണ്ണിലും എപ്പോളോ  ഇത്തിരി വെള്ളം വന്നോ എന്ന് ചോദിച്ചാ ......അതവിടെ ഇരിക്കട്ടെ..... അപ്പളാണ് അവന്‍ രബിലേഷ് ഒരു കല്ലെടുത്ത്‌ ഒറ്റ കുത്ത് "ടപ്പേ " കരിമ്പന്‍ ചാപ്ലി പിപ്പലി.....അവന്‍ അങ്ങിനെ എന്‍റെ ആദ്യ ഹീറോ ആയി...അന്നന്നെ ഞാന്‍ രബിലേഷിനെ എന്‍റെ ആദ്യ ഫ്രെണ്ട് ആക്കി  കൂടെ ഇപ്പത്തെ അപ്പോതിക്കിരി അനൂപും......    തുടരും.....