Sunday 19 June 2011

ചൂടന്‍ ഗോവിന്ദന്‍....


 ചൂടന്‍ ഗോവിന്ദന്‍ മരിച്ചു. ഗി അത് പറഞ്ഞപ്പോ എന്തോ ഒരുപാടു, ഒരുപാടു കഥകള്‍ മനസിലേക്ക്. ഒരിക്കല്‍ പേടിയോടെയും പിന്നീട് ചില പാട്ടുകളിലൂടെയും കഥകളിലൂടെയും  ഉണ്ണിക്കുട്ടനെ ആകര്‍ഷിച്ച കൊട്ടാരമുക്കിന്‍റെയും പാറമുക്കിന്‍റെയും മഞ്ഞപ്പാലത്തിന്‍റെയും സ്വന്തമായിരുന്ന ചൂടന്‍."എക്കുന്നന്ന അരച്ച്യലതാ ഈയചെമ്പിലലിക്കനാ" "അടക്കുന്നന്ന തീയരത മൊറാത്തിന്‍ ഓട്ടില്‍ ഒളിക്കണ" പിന്നൊരു ചിരിയിലെക്കൊതുങ്ങുന്ന പാട്ടും.. പിന്നെ ആന പാപ്പാന്‍ ആയ കാലത്തേ വീരകഥകളും അതിലൊന്നില്‍ കഷ്ടിച്ച് രക്ഷപെട്ട കഥ കാണിക്കാനായി  പീടികയിലെ  ശശി ഏട്ടന്‍ ചൂടന്‍റെ റോള്‍ എടുത്തു നിലത്തു കിടന്നു ജനേട്ടനും  ഉണ്ണീട്ടയും ആനയുടെ കൊമ്പ് ആയി നിന്നതുമെല്ലാം  ഇനി ഒരു ഓര്‍മയാകുന്നു.,,,,,  ഏതു ഉയരങ്ങളും  (മരങ്ങളിലും ) ഏതു ആഴങ്ങളും (കിണറുകളിലും ) തനിക്കു സാധ്യമെന്ന്  ഉണ്ണിക്കുട്ടന് കാണിച്ചു തന്ന ചൂടന്‍ ... ഓലപ്പുരയുടെ ഏതോ ഒരു കോണില്‍ തിരുകി വെച്ച ഇന്ത്യ ഗവേര്ന്‍മെന്റിന്റെ ധീരതക്കായി തനിക്കു കിട്ടിയ  അവാര്‍ഡ്‌ ഉണ്ണിക്കുട്ടനെ കാണിച്ചു തന്നുകൊണ്ട് നാലാം ക്ലാസ്സ്‌ പാസ്സായിരുന്നെങ്കില്‍ ഒരു നല്ല ജോലി കിട്ടുമായിരുന്നു എന്ന് പറഞ്ഞതുമെല്ലാം... ബാലുസ്സേരിക്ക് തിരക്കിട്ട് വണ്ടി ഓടിച്ചു പോകുമ്പോ കൈ കാണിച്ചു നിര്‍ത്തി അഞ്ചു രൂപ ചോദിക്കുന്ന സമയങ്ങളില്‍ അറിയാതെ ഉണ്ണിക്കുട്ടനില്‍ എവിടെയോ ഒരു കൊച്ചു ദേഷ്യം വന്നിരുന്നോ?.കാനഡയ്ക്ക് വരുന്നതിന്‍റെ തലേന്ന് വന്നു കണ്ടു തിരിച്ചു വരുമ്പോ കുപ്പി കൊണ്ടുതരണം എന്നും പറഞ്ഞു ചിരിച്ചത്... എല്ലാം എല്ലാം ഒരു ഓര്‍മയാവുന്നു..... എന്നും ഉണ്ടാകും  ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍

Thursday 16 June 2011

ഒരു മോഹമായിരുന്നു.....


ഉണ്ണിക്കുട്ടന്‍ രണ്ടാം  ക്ലാസ്സില്‍ പഠിക്കുന്ന കാലം. അങ്ങനെ യുവജനോത്സവം വന്നു. അമ്മയുടെ കയ്യുംപിടിച്ചു പരിപാടി കണ്ടു കൊണ്ടിരിക്കുംപോളാണ് ഉണ്ണിക്കുട്ടന്‍ അയ്യാളെ കണ്ടത് സൈഡ് കര്‍ട്ടന്‍റെ മറവില്‍ ഒരാളുണ്ട് കയറും പിടിച്ചിരിക്കുന്നു.. ഒരു കസേരയില്‍. ആദ്യമായി കണ്ടോണ്ടാവം എന്താ അയ്യാള്‍ ചെയ്യുന്നതെന്ന് മനസിലായില്ല. അപ്പോളാണ് ഭാഗ്യത്തിന് അമ്മയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. കൂടെ പോയ ഉണ്ണിക്കുട്ടന്  മനസിലായി അയ്യാളാണ് പരിപാടി നമ്മള്‍ എപ്പോ കാണണം എന്നും നിര്‍ത്തണം എന്നും തീരുമാനിക്കുന്നത്‌. അയ്യാള്‍ അങ്ങനെ ഗമയില്‍ സുഖമായിട്ടു ഇരുന്നു പരിപാടി കാണുന്നത് ഉണ്ണിക്കുട്ടനെ ഇത്തിരി കൊതിപ്പിച്ചു. പിന്നെ കടന്നുപോയ വര്‍ഷങ്ങളില്‍, യുവജനോത്സവങ്ങളില്‍ ഒരു നടക്കാത്ത  മോഹമായി അത് അവിടെ കിടന്നു... പിന്നീടു പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നന്മിണ്ട ഹയര്‍ സെക്കന്ററി സ്കൂളിലെ ഓഡിറ്റോരിയത്തിനുള്ളില്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ കയറും പിടിച്ചു ഇരുന്നപ്പോള്‍ ഏതോ ഒരു വലിയ മോഹം നേടിയെടുത്ത സന്തോഷമായിരുന്നു ഉണ്ണികുട്ടനില്‍.... അത് അനുവദിച്ച കണക്കിന്‍റെ ഷാജി  മാഷിന് അറിയില്ലല്ലോ അത്  ഉണ്ണിക്കുട്ടന്‍റെ  വലിയൊരു ആഗ്രഹം ആയിരുന്നെന്നു...

Sunday 12 June 2011

ആ കുഞ്ഞനുജത്തി....


ഡിസംബര്‍ മാസത്തിലെ  രണ്ടാം  ക്ലാസ്സ്‌  പരീക്ഷ ചൂടിന്റെ ഇടയിലാണ് ഉണ്ണിക്കുട്ടന്‍ ആ വാര്‍ത്ത‍ അറിഞ്ഞത്.ഇന്ന് പരീക്ഷ ഇല്ല. ഒന്നാം  ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മരിച്ചിരിക്കുന്നു. എന്തോ അറിയില്ല,  മാറ്റിവെച്ച ആ പരീക്ഷയിലും കിട്ടിയ ഒരവധിയിലും  ഇത്തിരി സന്തോഷിച്ചു പോയി ഉണ്ണിക്കുട്ടന്‍.......പിന്നെ കഴിഞ്ഞു പോയ കാലങ്ങളില്‍ കൂടെ ഉണ്ടായിരുന്ന ചിലര്‍ കൊഴിഞ്ഞു പോയപ്പോള്‍ ഉണ്ണിക്കുട്ടന്‍ അറിഞ്ഞു അന്ന് ആസ്വദിച്ച് കളിച്ച ആ ദിവസത്തിന്‍റെ വേദന. ഇന്നും ചില രാത്രികളില്‍ ഒരു കൊച്ചു വേദന ആയി, ചെയ്തു പോയ ഒരു തെറ്റിന്റെ ഓര്‍മപ്പെടുത്തലായി കടന്നു വരാറുണ്ട് പേരും മുഖവും അറിയാത്ത ആ കുഞ്ഞനുജത്തി..മാപ്പ് ഒരായിരം മാപ്പ്...... 

Thursday 9 June 2011

ഉണ്ണിക്കുട്ടന്‍റെ ചില പ്രാന്തുകള്‍....

കൊഴിഞ്ഞു പോയ നിമിഷങ്ങളില്‍ നേട്ടങ്ങളേക്കാള്‍  നീണ്ട നഷട്ങ്ങളുടെ പട്ടികയില്‍ ഏറ്റവും വലതു എന്നില്‍ നിന്നും എന്നോ ഉരുണ്ടു പോയ എന്നിലെ  കുന്നിക്കുരുക്കള്‍ ആയിരുന്നു, എന്നില്‍ നിന്നും പറന്നകന്ന അപ്പൂപ്പന്‍  താടികള്‍ ആയിരുന്നു, എങ്ങോ പോയ  എന്നിലെ മയില്‍പ്പീലിയും  മിന്നാമിന്നികളും ആയിരുന്നു.....


സ്വപ്നങ്ങളില്‍ വന്ന മിന്നാമിന്നികളുടെ വെളിച്ചം മതിയായിരുന്നു എനിക്കെന്നും പുതു മോഹങ്ങളുമായി പുലര്‍കാലങ്ങളെ സ്നേഹിക്കാന്‍...പക്ഷെ ലക്ഷ്യങ്ങളില്‍ എത്തും മുന്‍പേ അണഞ്ഞുപോയ  ആ വെളിച്ചം സന്ധ്യകളെ ഭയക്കുന്നവന്‍ ആക്കി എന്നെ മാറ്റിയോ????


എന്നില്‍ നല്ലതെന്ന് പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെനിക്ക് തന്നത് നിങ്ങള്‍ എന്ന് പറയുന്ന എന്‍റെ സുഹൃത്താണ്‌......
എന്നില്‍ നല്ലതിലെക്കൊന്നൊരു വഴി ഉണ്ടെങ്കില്‍ അതിന്‍റെ വഴി കാട്ടിയും നിങ്ങള്‍ എന്ന എന്‍റെ സുഹൃത്താണ്‌....
ഞാന്‍ ആരോടെങ്കിലും കടപെട്ടിട്ടുണ്ടെങ്കില്‍ അതും നിങ്ങള്‍ എന്ന എന്‍റെ സുഹൃത്തിനോടാണ്...

ഈ സുഹൃത്തെന്നത് എന്‍റെ ഞാന്‍ ഇഷ്ടപെടുന്ന എന്നെ ഇഷ്ടപെടുന്ന എല്ലാവരും ആണ്.....

Tuesday 7 June 2011

ഒരു സാമ്പാറിന്‍റെ കഥ

"ഇതൊന്നും കുട്ടികള്‍ ചെയ്യണ്ട അങ്ങോട്ട്‌ പോയി കളിച്ചാ മതി" എല്ലാരേം മുന്നില്‍ വെച്ച് പറഞ്ഞ രാകേഷേട്ടന്റെ വാക്കുകള്‍ സദ്യ വിളംബാന്‍ ഉഷാറായി നിന്ന മൂനാം ക്ലാസ്സുകാരന്‍   ഉണ്ണിക്കുട്ടനെ കുറച്ചൊന്നും അല്ല വിഷമിപ്പിച്ചത്... പറയുമ്പോ ഞങ്ങള് തമ്മില്‍ 4 വയസ്സിന്റെ അകലമേ ഉള്ളു എങ്കിലും മൂപ്പരെ വിചാരം  ആളങ്ങു വല്യ സംഭവമാന്ന....അല്ലെലും ചുക്ക് വെള്ളം ഒക്കെ കൊടുക്കാന്‍ ഉണ്ണിക്കുട്ടന് പറ്റില്ലേ.... പക്ഷെ വല്യമ്മേടെ ഷഷ്ടിപൂര്‍ത്തിക്കു അങ്ങനെ ഉണ്ണിക്കുട്ടന് വിളംബാന്‍ പറ്റിയില്ല... ആകെ സങ്കടായി അവിടുന്ന് മാറി അപ്പുറത്ത് ഓടികളിക്കുംപോളാ ആ ഒച്ചപാട് കേട്ടത്. ഓടിച്ചെന്നു നോക്കിയപ്പോ രഘു അമ്മാവന്റെ ഓഫീസിലെ ഒരു അമ്മാവന്‍ സാമ്പാറില്‍ അങ്ങനെ കുളിച്ചു നില്‍ക്കുന്നു. ഉടുത്ത വെള്ള മുണ്ടും ഷര്‍ട്ടും നല്ല മഞ്ഞ നിറം പിന്നെ അവിടേം ഇവിടെയും ഒക്കെ ആയി കുറെ കറിവേപ്പിലയും വെണ്ടക്കയും തക്കാളിയും... പാവം അകെ ചമ്മി നില്‍പ്പാ... എന്താന്ന് മനസിലാവാതെ ഉണ്ണിക്കുട്ടന്‍  നോക്കിയപ്പോ ഉണ്ട് സാമ്പാറിന്റെ ഒഴിഞ്ഞ പാത്രവുമായി രാകേഷേട്ടനും അപ്പുറത്ത് നില്‍ക്കുന്നു.... മൂപ്പരെ മേത്തും ഉണ്ട് ഇത്തിരി സാംബാര്‍ ഒക്കെ.... പെട്ടന്ന് തന്നെ രാജേന്ദ്രേട്ടന്‍ രാകേഷേട്ടനെ കൂട്ടി  അപ്പുറത്തേക്ക് പോയപ്പോ പതുക്കെ ഉണ്ണിക്കുട്ടനും  കൂടെ പോയി.. പിന്നെ അവിടെ ഒരു ചീത്തയുടെ പൂരമായിരുന്നു...ഇടക്കതിലൂടെ പോയ സകല ചേട്ടന്മാരുടെം കൂടി ചീത്ത കേട്ടപ്പോ രാകേഷേട്ടന്റെ കണ്ണ് ഇത്തിരി നിറഞ്ഞോ എന്നൊരു സംശയം ഉണ്ണിക്കുട്ടന്.....

Saturday 4 June 2011

സിന്ദി.....

ഉണ്ണിക്കുട്ടന് കാനഡയില്‍ വെച്ച് കിട്ടിയ ഒരമ്മ....... എന്തോ ആദ്യ ക്ലാസ്സില്‍ വെച്ച് കണ്ട അന്നുമുതല്‍ എനിക്ക് ഒരമ്മയുടെ സ്നേഹം തന്ന സിന്ദി....ആ അമ്മ എന്നും എനിക്ക് കാനഡ എന്തെന്നും ഏതെന്നും മനസിലാക്കി തന്നിരുന്നു.....എന്നും തന്റെ ബാഗില്‍ എനിക്കായി കൊണ്ടുവരുന്ന ടിഫ്ഫിന്‍ ബോക്സില്‍ നിന്നും ഞാന്‍ കാനഡയുടെ പല രുചികളും അറിഞ്ഞു...പിന്നെ കാനഡയുടെ ഐസ് സ്കേറ്റില്‍ എന്റെ ഗുരുവായി മാറി എന്നെ പഠിപ്പിച്ചു  തന്നപ്പോളും ഞാന്‍ ഒരമ്മയുടെ സ്നേഹം ആസ്വദിക്കുക ആയിരുന്നു....ഒരിക്കല്‍ ഹാമില്‍ട്ടന്‍ വില്ലിംസ് കാഫേയിലെ ഒരു സായാഹ്നത്തില്‍ ആണ് ഞാന്‍ സിന്ദിയിലെ ഒരമ്മയുടെ, ഒരു അമ്മൂമ്മയുടെ  വിഷമം  അറിഞ്ഞത്.... തകര്‍ന്ന ബന്ധങ്ങള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ട് വര്‍ഷത്തില്‍ മൂന്ന് ദിനം മാത്രം തനിക്കു കിട്ടുന്ന തന്റെ സ്വന്തം കൊച്ചുമകനെ  കുറിച്ച് പറഞ്ഞപ്പോള്‍... സിന്ദിയുടെ ആ നീല കണ്ണുകള്‍ നിറയുന്നത് ഉണ്ണിക്കുട്ടന്‍ അറിഞ്ഞു.... എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാത്തത്  കൊണ്ടോ  എന്ത് പറഞ്ഞാലും ഒന്നുമാകില്ലെന്ന് അറിഞ്ഞത് കൊണ്ടോ എല്ലാം കേട്ടുകൊണ്ടിരിക്കനെ എനിക്കായുള്ളൂ... പിന്നൊരിക്കല്‍ ഒരു വര്‍ഷത്തിനു ശേഷം ആ മൂന്ന് ദിനങ്ങള്‍ക്കായി  കൊച്ചു മകന്‍ വരുനെന്ന വാര്‍ത്ത‍ എന്നോട് വന്നു പറഞ്ഞ സിന്ദിയിലെ ആ അമ്മുമ്മയുടെ സന്തോഷം ഉണ്ണിക്കുട്ടന്റെയും കണ്ണ് നിറച്ചുവോ.... പിന്നെ ആ മൂന്ന് ദിനങ്ങള്‍ എല്ലാം മറന്നു ആസ്വദിച്ച  എന്റെ സിന്ദിഅമ്മ എന്നെ വിളിച്ചു മൂന്ന് ദിനങ്ങള്‍ക്ക്‌ ശേഷം..... മദ്യ ലഹരിയുടെ ആ ആഴത്തില്‍ എന്നെ വിളിച്ചു കരഞ്ഞ ആ അമ്മയുടേ ചിതറിയ  വാക്കുകള്‍.. ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്ത ആ വാക്കുകള്‍ .... പിന്നെ ഹമില്ട്ടനോട്  വിട പറഞ്ഞ ആ   ദിനത്തില്‍ ഉണ്ണികുട്ടനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞ ആ അമ്മ.....എന്നെ മനസിലാക്കിച്ചു... ലോകമേതായാലും കാലമേതായാലും  അമ്മമാര്‍ക്ക് ഒന്നേ അറിയൂ എല്ലാം മറന്നു സ്നേഹിക്കാന്‍....
നന്ദി സിന്ദി  ഒരായിരം നന്ദി.....